എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്തും മലബാർ ഡെന്റൽ കോളേജും ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന “നറു പുഞ്ചിരി” അംഗൻവാടി കുട്ടികൾക്കും, രക്ഷാകർത്താക്കൾക്കും ദന്തസംരക്ഷണ ബോധവൽക്കരണ ക്ലാസും ദന്തപരിശോധന ക്യാമ്പും എന്ന പരിപാടിയുടെ ബ്ലോക്ക്തല ഉദ്‍ഘാടനം മാർച്ച് 16 വ്യാഴാഴ്‍ച രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വെച്ച് നടന്നു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട വട്ടംകുളം, കാലടി, തവനൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലായി പൊന്നാനി ഐ സി ഡി എസ് പ്രൊജക്ടിനു കീഴിൽ പ്രവർത്തിക്കുന്ന 122 അംഗൻവാടികളിലെ കുട്ടികളിൽ ബാല്യത്തിലെ ദന്ത പരിചരണത്തിന്റെ നല്ല ശീലങ്ങൾ ഊട്ടി ഉറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മലബാർ ഡെന്റല്‍ കോളേജിന്റെ സഹായത്തോടെ രൂപം നൽകിയ കർമ്മ പരിപാടിയാണ് “നറുപുഞ്ചിരി”. ഈ പരിപാടി പ്രകാരം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട നാല് ഗ്രാമപഞ്ചായത്തുകളിൽ 73 വാർഡുകളിലായി പ്രവർത്തിക്കുന്ന 122 അംഗൻവാടികളെ 15 ക്ലസ്‍റ്ററുകളായി തിരിച്ച് ഓരോ ക്ലസ്‍റ്ററിലും ഉൾപ്പെടുന്ന വാർഡുകളില്‍ പ്രവർത്തിക്കുന്ന അംഗൻവാടികളിലെ കുട്ടികൾക്ക് ക്ലസ്‍റ്റർ അടിസ്ഥാനത്തിൽ ദന്ത പരിശോധന ക്യാമ്പുകൾ മലബാർ ഡെന്റൽ കോളേജിലെ വിദഗ്‍ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. ദന്തപരിചരണത്തിന്റെ പ്രാധാന്യം ബാല്യത്തിലെ കുട്ടികളിൽ ഊട്ടി ഉറപ്പിക്കുന്നതോടൊപ്പം, കുട്ടികളിൽ കണ്ടുവരുന്ന വിവിധങ്ങളായ ദന്തരോഗങ്ങൾ തുടക്കത്തിലെ കണ്ടെത്തി തുടർചികിത്സ ഉറപ്പാക്കുക എന്നതാണ് “നറുപുഞ്ചിരി” എന്ന ജനകീയ ക്യാമ്പയിനിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
സി.ഡി.പി.ഒ ശ്രീമതി രമ ഒ.പി സ്വാഗതം പറഞ്ഞു. വൈസ്‍ പ്രസിഡന്റ്‍ അഡ്വ. ആർ. ഗായത്രി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‍ ശ്രീ സി രാമകൃഷ്‍ണൻ ഉദ്‍ഘാടനം ചെയ്‍തു. ബ്ലോക്ക് ക്ഷേമകാര്യ ചെയർപേഴ്‍സൺ ശ്രീമതി പ്രേമലത , ബ്ലോക്ക് സെക്രട്ടറി ശ്രീ രാജീവ് എസ്‍ ആർ, കൺവീനർ മലബാർ ഡെന്റൽ കോളേജ് ഡോ. ഫാത്തിമത്ത് സാഹ്റ എന്നിവർ ആശംസകളർപ്പിച്ചു. ബ്ലോക്ക് വനിതക്ഷേമ ഓഫീസർ ശ്രീമതി രമ കെ കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജീവനക്കാർ,രക്ഷിതാക്കൾ, കുട്ടികൾ, അംഗൻവാടി ജീവനക്കാർ എന്നിവര്‍ പങ്കെടുത്തു.