ചങ്ങരംകുളം: കർണ്ണാടകയിലെ ബാക്കൽ കോട്ട് ജില്ലയിലെ ജംഗണ്ട താലൂക്കിലെ ഹുള്ളേൽ ഗ്രാമത്തിൽ നിന്നും മഹാദേവയ്യാ ഗുരുസ്വാമിയുടെ നേതൃത്തിലുള്ള 24 അംഗ സ്വാമിമാരാണ് യാത്രാ സംഘത്തിലുള്ളത്. മഹാദേവയ്യാ ഗുരുസ്വാമി മുപ്പതാമത്തെ വർഷമാണ് ശബരിമല ദർശനത്തിനായി പോകുന്നത്. മഹാദേവയ്യാ ഗുരുസ്വാമിയുടെ മകൻ പത്ത് വയസ്സ് വരെ സംസാരിച്ചിരുന്നില്ല. വിവിധ ഡോക്ടർമാരുടെ ചികിത്സയും നടത്തി നോക്കി പക്ഷേ ഫലം കണ്ടില്ല. പിന്നീട് ചെറുപ്പം മുതൽ ശബരിമല ദർശനത്തിനായി കൊണ്ടുപോയി. പത്താമത്തെ വയസ്സിൽ സന്നിധാനത്ത് നിന്നും ആദ്യമായി മകൻ മാലിം ഗൈ സംസാരിച്ചു. ഇതോടെ മഹാദേവയ്യാ ശബരിമല ശാസ്താവിൻ്റെ മുഴുസമയ ഭക്തനായി മാറി.
വർഷങ്ങൾക്ക് ശേഷം മകൻ മാലിംഗൈ വിവാഹം കഴിച്ചു. വളരെ വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാതായി, കുട്ടിയുമായി സന്നിധാനത്ത് എത്തണമെന്ന മോഹം ശബരിമലയിലെത്തി പ്രാർത്ഥിച്ചു. പ്രാർത്ഥനക്ക് ശേഷം, മാസങ്ങൾ പിന്നിട്ട് മാലിം ഗൈയുടെ ഭാര്യക്ക് ഒരു മകനും പിറന്നതോടെ കാൽനടയായി സന്നിധാനത്തേക്ക് മഹാദേവയ്യ ഗുരുസ്വാമിയുടെ കൂടെ നിരവധി ഭക്തരാണ് വരുന്നത്.
ഇത്തവണ 24 പേരാണ് സംഘത്തിൽ ഉള്ളത്.കർണ്ണാടകയിലെ ഹുള്ളേൽ ഗ്രാമത്തിൽ നിന്നും ശബരിമല സന്നിധാനം വരെ 1250 കിലോമീറ്ററാണ് ഉള്ളത്. സെപ്റ്റംബർ 15ന് പുറപ്പെട്ട ഭക്ത സംഘം ഒക്ടോബർ 17 ന് സന്നിധാനത്ത് എത്തുന്ന രീതിയിലാണ് യാത്ര പോയ്ക്കൊണ്ടിരിക്കുന്നത്. ഒരു ദിവസം 35-40 കിലോമീറ്ററാണ് ഏകദേശ യാത്ര . പുലർച്ചെ കുളി കഴിഞ്ഞ് 4 മണിക്ക് യാത്ര തുടങ്ങും. വൈകീട്ട് ഇരുട്ടുന്നതിനു മുമ്പ് തൊട്ടടുത്ത ക്ഷേത്രാങ്കണത്തിൽ തങ്ങും. 24 അംഗ സംഖ്യയിൽ ഒരു വനിതാ സ്വാമിയും ഉണ്ട്. ഭീമാഭായ് എന്നാണവരുടെ പേര്. ഇവർക്കുള്ള ഭക്ഷണത്തിനുള്ള അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ മറ്റു സാധനങ്ങൾ എന്നിവ ഒരു മഹീന്ദ്ര ബൊലേറോ വാഹനത്തിൽ യാത്രയോടൊപ്പം കൊണ്ടു പോകുന്നു. ഈ വാഹനത്തിലെ ഡ്രൈവർ ഹനുമന്ത് സ്വാമി മാത്രം നടക്കുന്നില്ല. സന്നിധാനത്ത് ദർശനം കഴിഞ്ഞ് തിരിച്ച് ഹനുമന്ത് സാമി വാഹനവുമായി തിരിച്ച് നാട്ടിലേക്ക് പോകും. ബാക്കിയുള്ളവർ മടക്കം ട്രൈനിലും.
നടന്ന് വരുന്ന സ്വാമിമാർ പന്താവൂരിലൂടെ നടന്ന് പോകുമ്പോൾ കണ്ണൻ പന്താവൂർ രാത്രിയിലെ താമസത്തെ ക്കുറിച്ച് ചോദിച്ചറിഞ്ഞു. യാത്രയിലുള്ളവർ തൊട്ടടുത്ത് താമസ സൗകര്യം ചോദിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ മാന്തടം ആലങ്കോട് അഷ്ടയിൽ ചേന്നാത്ത് ശിവക്ഷേത്രത്തിൽ ക്ഷേത്രം ചെയർമാൻ എം.ശശികുമാറും മെമ്പർ പി.വി.വേണുഗോപാലും ടി. കൃഷ്ണൻ നായർ ഗുരുസ്വാമിയും സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയായിരുന്നു.
എം.പ്രദീപും കൂടാതെ മാന്തടം സ്വദേശിയും മാറഞ്ചേരി അത്താണിയിൽ റേഷൻ കട നടത്തുന്ന മധു കന്നട ഭാഷ തർജ്ജമ ചെയ്തത് വിവരങ്ങൾ മനസ്സിലാക്കാൻ സഹായകമായി. സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തവരോട് നന്ദി പറഞ്ഞ് ചേന്നാത്ത് ശിവക്ഷേത്രത്തിലും, മേതൃ ക്കോവിലിലും ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തി ശബരിമലയിലേക്കുള്ള യാത്രാ സംഘം പുലർച്ചെ നാല് മണിക്ക് പുറപ്പെട്ടു കാനന വാസനെ കാണാൻ കാൽനടയാത്രയായി.